വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നു

തിരൂരങ്ങാടി: വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 26) നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നുമ്മല്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26-ന് മൂന്ന് മണിക്ക് വെളിമുക്ക് ബാങ്ക് കെട്ടിടത്തില്‍ നടക്കുന്ന എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ നിര്‍വ്വഹിക്കും. എ.ടി.എം കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹ്‌റാബിയും നിര്‍വ്വഹിക്കും.
നൂറ് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1922-ല്‍ ആരംഭിച്ച വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ഇത് വരെ 23000-ലേറെ ഗുണഭോക്താക്കളുണ്ട്. കാര്‍ഷിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും നിരവധി സഹായ പദ്ധതികള്‍ നടത്തി വരുന്ന ഈ ബാങ്ക് കോവിഡ്, കൊറോണ, വെള്ളപ്പൊക്ക സമയങ്ങളിലെല്ലാം ജന സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ജൊയിന്റ് രജിസ്ട്രാറുടെ അനുമതിയോടെ ഒരു സഹകരണ ബാങ്കിന് കീഴില്‍ ജില്ലയില്‍ ആദ്യമായാണ് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നതെന്നും നിക്ഷേപത്തിന് കൂടി സൗകര്യമുള്ള കൗണ്ടറാണ് ഒരുക്കിയിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റ് എം.അബ്ദുൽ അസീസ്, ബാങ്ക് സെക്രട്ടറി വി.കെ സുബൈദ, ഡയറക്ടര്‍മാരായ എം അസീസ്, വി അബ്ദുല്‍ ജലീല്‍, സി.കെ രാജീവ്, ജീവനക്കാരൻ ആസിഫ് ആലിന്‍ചുവട് സംബന്ധിച്ചു.

error: Content is protected !!