വാളക്കുളം: ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുമേനി നേടിയ വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ വാളക്കുളം കെ.എച്ച്.എം.എച്ച്. എസ്.എസ് വിക്ടറി ഡേ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് മുൻ മലപ്പുറം എം.എസ്.പി കമാൻഡന്റ് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കരിയർ തെരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികളുടെ അഭിരുചിക്കാണ് മുഖ്യപരിഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്, പ്രഥമാധ്യാപകൻ കെ.ടി അബ്ദുല്ലത്തീഫ്, മാനേജർ ഇ.കെ അബ്ദുറസാഖ്, എം.പി. കുഞ്ഞി മൊയ്തീൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ, ശരീഫ് വടക്കയിൽ, ഷംസുദ്ദീൻ പൂക്കിപ്പറമ്പ്, ഇല്യാസ് കുണ്ടൂർ, പി.കെ മുഹമ്മദ് ബഷീർ, സജിത്ത്.കെ.മേനോൻ തുടങ്ങിയവർ സംസാരിച്ചു.