കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരേ കേസ്

കോഴിക്കോട്: ഡിസംബർ 9ന് കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരേ കേസെടുത്ത് പോലീസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തത്.

റാലിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കൾക്കും പ്രവർത്തകർക്കും എതിരേയാണ് കേസെടുത്തിരിക്കുന്നത്.

ഏതൊക്കെ നേതാക്കൾക്കെതിരേയാണ് കേസെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ഇക്കാര്യം അന്വേഷണം നടത്തി പിന്നീട് വ്യക്തമാക്കുമെന്നാണ് പോലീസ് പറയുന്നത്. വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ നിയമപരമായ നടപടി കൂടി വന്നിരിക്കുന്നത്. അതേസമയം കേസെടുത്തതിനോട് ലീഗ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

error: Content is protected !!