പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർട്ട്. സന്ദർശകർക്ക് അവരുടെ ഓർമക്കായും എക്കാലവും സൂക്ഷിക്കാവുന്ന റെക്കോർഡ് ആയും അവർ സന്ദർശിക്കുന്ന രാജ്യങ്ങളുടെ സീൽ ഈ പാസ്‌പോർട്ടിൽ പതിക്കാം. ഇങ്ങനെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള സീൽ പതിച്ച പാസ്‌പോർട്ടിന് ഉടമയായാണ് ഫാസിലിന്റെ പവിലിയനിൽനിന്നുള്ള മടക്കം.
ചെറുപ്പം മുതലേ ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിക്കണമെന്നത് ഫാസിലിന്റെ ആഗ്രഹമായിരുന്നു. അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നതും സമയം ഏറെ വേണമെന്നതും ദുബായ് എക്‌സ്‌പോയിലെ എല്ലാ രാജ്യങ്ങളുടെയും പവിലിയൻ സന്ദർശിക്കണമെന്ന തീരുമാനത്തിൽ ഫാസിലിനെ കൊണ്ടെത്തിക്കുകയായിരുന്നു. അങ്ങനെയാണ് ദുബായിലെത്തിയത്. ആദ്യ ദിനം 80 രാജ്യങ്ങളുടെ പവിലിയൻ സന്ദർശനം പൂർത്തിയാക്കി.
രണ്ടാം ദിനം തിരക്കേറിയ രാജ്യങ്ങളുടെ 50 പവിലിയനുകളും മൂന്നാം ദിവസം ശേഷിക്കുന്ന പവിലിയനുകളും ഫാസിൽ സന്ദർശിച്ചു. എല്ലാ പവിലിയനും മൂന്നു ദിവസം കൊണ്ട് സന്ദർശിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്നും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിയും വേഗത്തിൽ നടന്നുമാണ് നീങ്ങിയതെന്നും അവസാനമായപ്പോഴേക്കും തന്റെ കാലുകൾക്ക് നൊമ്പരവും പൊള്ളലും അനുഭവപ്പെടാൻ തുടങ്ങിയിരുന്നുവെന്നും ഫാസിൽ പറഞ്ഞു. എന്തായാലും അവിസ്മരണീയമായ അനുഭവമാണ് എക്‌സ്‌പോയിൽനിന്നു ലഭിച്ചതെന്നും ലോകത്തെ മുഴുവൻ കണ്ട അനുഭൂതിയാണ് എക്‌സ്‌പോ സമ്മാനിച്ചതെന്നും ഫാസിൽ പറഞ്ഞു.