
വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മലപ്പുറം ജില്ലയില്‍ ആകെ 172.68 ലക്ഷം രൂപ വിതരണം ചെയ്തതായി വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മുന്‍ സര്‍ക്കാറിന്റെ കാലത്തെ കുടിശികയായ 56.83 ലക്ഷവും ഈ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷകളില്‍ 118.86 ലക്ഷവുമാണ് വിതരണം ചെയ്തത്. ഇന്നലെ കരുളായിയില്‍ നടന്ന വന സൗഹൃദ സദസ്സില്‍ 26.75 ലക്ഷം രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു. വന്യജീവി ആക്രമണ മൂലമുള്ള മരണം, പരുക്ക്, കൃഷിനാശം എന്നിവക്കുള്ള നഷ്ടപരിഹാരമാണിത്.
ദിവസ വേതന കുടിശ്ശിക 169 ലക്ഷം രൂപ ഈ സര്‍ക്കാറിന്റെ കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട രണ്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചു. എടരിക്കോട്, അകമ്പാടം എന്നിവിടങ്ങളിലാണ് ടീം രൂപീകരിച്ചത്. അരുവാക്കോടും അമരമ്പലത്തുമുള്ള ആര്‍.ആര്‍.ടികള്‍ക്ക് പുറമെയാണിത്.
ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാരായ ഒമ്പത് പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം നല്‍കി. ഈ സാമ്പത്തിക വര്‍ഷം നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനില്‍ 49 കിലോമീറ്റര്‍ വൈദ്യുതി വേലി നിര്‍മ്മാണത്തിന് 359 ലക്ഷം രൂപയും സൗത്ത് ഡിവിഷനില്‍ 27.75 കിലോമീറ്റര്‍ ഹാങ്ങിങ് സൗരോര്‍ജ വേലിക്ക് 225 ലക്ഷം രൂപയും വകയിരുത്തിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. നബാര്‍ഡ് പദ്ധതിയില്‍ കാളിക്കാവ് റേഞ്ചില്‍ പാട്ടക്കരിമ്പ് – അച്ചനള റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് 395 ലക്ഷം രൂപയും ഈ വര്‍ഷം ചെലവഴിക്കും.
റീബില്‍ഡ് കേരള സ്വയം സന്നദ്ധ പുനരുദ്ധാരണ പദ്ധതി – നവകിരണം പ്രകാരം നിലമ്പൂര്‍ നോര്‍ത്തില്‍ ആദിവാസികളല്ലാത്ത 10 കുടുംബങ്ങളെയും സൗത്തില്‍ 44 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികളായി വരുന്നതായും മന്ത്രി പറഞ്ഞു.
വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രങ്ങള്‍ 7 എണ്ണവും മരാധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ക്കുള്ള ലൈസന്‍സ് 6 എണ്ണവും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂളുകള്‍ക്കുള്ള ധനസഹായമായി 2 ലക്ഷവും വിതരണം ചെയ്തു. വന സൗഹൃദ സദസ്സില്‍ 75 പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിച്ചു. പരാതികളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.