മലപ്പുറം ; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പൊലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി 17 ലക്ഷം രൂപ വില മതിക്കുന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നരം 6.30 ന് ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവതിയുടെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്റെ ഇടത് ഡോര്‍ പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റുകളിലാക്കി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പോലീസ് സമീപിച്ചപ്പോഴാണ് ബാഗില്‍ നിന്നും കാറിലെ ഡോര്‍ പോക്കറ്റിലേക്ക് മാറ്റിയത്.