മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി യുടെ പരാതി. മണ്ഡലം ജനറൽ സെക്രട്ടറി കെ.കുഞ്ഞിമരക്കറിനെതിരെയാണ് പരാതി നൽകിയത്. യോഗത്തിൽ വെച്ച് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വേശ്യ എന്നും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്‌ളീല ആംഗ്യം കാണിക്കുകയും ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂർ ലീഗ് ഓഫീസിൽ ചേർന്ന വനിത ലീഗ് യോഗത്തിൽ വെച്ചാണ് സംഭവം. ഇവരെ സി ഡി എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്ദേശിച്ചപ്പോൾ ഇഷ്ടപ്പെടാതെയാണ് ഇദ്യേഹം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതെന്നും കേസ് എടുക്കണമെന്നും ഇവർ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അതേ സമയം, പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും എന്നാൽ യോഗത്തിൽ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെന്നും കെ.കുഞ്ഞിമരക്കാർ പറഞ്ഞു. എന്നോട് പ്രവർത്തകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞിരുന്നു. സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്നാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് എന്ന് സംശയിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
ഇരുവരും നന്നമ്പ്ര പഞ്ചായത്തുകാരാണ്. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്ന് പരാതിക്കാരി പറഞ്ഞു.
ഇവിടെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറൽ സെക്രട്ടറി യും ഏറെക്കാലമായി ഭിന്നതയിലാണ്. സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിച്ചത് മണ്ഡലം ജനറൽ സെക്രട്ടറി ആണെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആരോപണം. ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭാരവാഹികൾ രാജി വെച്ചിരുന്നു. എന്നാൽ ജില്ല കമ്മിറ്റി ഇരു കൂട്ടരോടും ഒത്തൊരുമിച്ചു പോകാൻ കർശന നിർദേശം നൽകുകയായിരുന്നു.