5 വര്‍ഷത്തിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചത് 150 കിലോ സ്വര്‍ണം ; പണം രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് : മുഖ്യമന്ത്രി

മലപ്പുറം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് 150 കിലോഗ്രാം സ്വര്‍ണം പൊലീസ് പിടികൂടിയെന്നും സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം – ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന ആരോപണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. ‘രാജ്യവിരുദ്ധ’ത്തിനും ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു. നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്. അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

എഡിജിപിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് തടയുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു, എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫില്‍ നിന്ന് അവരെ അകറ്റുകയാണ് ലക്ഷ്യം. അന്‍വറിന്റെ ആരോപണങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ചാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!