മലപ്പുറം : ഉയർന്ന ലാഭവിഹിതം വാഗ്ദാനംചെയ്ത് നിക്ഷേപകരിൽനിന്ന് 17 കോടിയോളം രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ പിടിയിലായി. ഫെഡറൽ ബാങ്കിന്റെ മലപ്പുറത്തെ പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജരായ പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി ഫസലു റഹ്‌മാനാ(34)ണ് പിടിയിലായത്. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ബാങ്കിന്റെ പരാതിയിലാണ് പോലീസ് നടപടി.
കൂടുതൽ പലിശ വാഗ്ദാനംചെയ്തും ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും വിദേശനിക്ഷേപകരുടെ പണം തട്ടുകയായിരുന്നു. ബാങ്കിന്റെ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ ബാങ്കിൽനിന്ന് പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംശയംതോന്നിയ ചിലർ പരാതി നൽകിയതിനെത്തുടർന്ന് ബാങ്കിന്റെ വിജിലൻസ് വിഭാഗം അന്വേഷിച്ചു. ഇടപാടുകാരും പരാതിയുമായി രംഗത്തെത്തി. 17 കോടിരൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്നും അതിനിയും ഉയരാമെന്നുമാണ് ബാങ്കധികൃതർ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
മോങ്ങമടക്കമുള്ള ചില ബ്രാഞ്ചുകളിൽക്കൂടി ഇയാൾ ജോലിചെയ്തിട്ടുള്ളതിനാൽ അവിടങ്ങളിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. മലപ്പുറം ഡിവൈ.എസ്.പി. അബ്ദുൾ ബഷീറിന്റെ നിർദേശപ്രകാരം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഫസലു റഹ്‌മാനെ പിടികൂടിയത്.