
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.35 കിലോഗ്രാം സ്വർണം കസ്റ്റംസ് വിഭാഗവും കരിപ്പൂർ പോലീസും ചേർന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തെയ്യാലിങ്ങൽ വെള്ളിയാമ്പുറം സ്വദേശി അബ്ദുൾറഷീദ് (41), പറപ്പൂർ ചക്കിപ്പറമ്പ് പാണ്ടിക്കാവ് റിയാസ് മോൻ (39) എന്നിവർ പിടിയിലായി.
ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് അബ്ദുൾറഷീദ് എത്തിയത്. മലാശയത്തിൽ ഒളിപ്പിച്ചനിലയിൽ 1171 ഗ്രാം സ്വർണസംയുക്തമാണ് ഇയാളിൽനിന്ന് കസ്റ്റംസ് കണ്ടെടുത്തത്.
ഇൻഡിഗോ എയറിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് റിയാസ് മോൻ എത്തിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന മ്യൂസിക് സംവിധാനത്തിൽ ഒളിപ്പിച്ചനിലയിൽ 1.804 കിലോ വരുന്ന ഒന്പത് സ്വർണബിസ്‌കറ്റുകളാണ് കരിപ്പൂർ പോലീസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് ഒന്നരക്കോടിയോളം രൂപ വിലവരും.