Saturday, September 5

ഏഴു വയസ്സുകാരന്റെ മരണം കൊലപാതകം, മാതാവ് അറസ്റ്റിൽ

കോഴിക്കോട്:
ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്റെ (7) മരണവുമായി ബന്ധപ്പെട്ട് ഉമ്മ അത്തോളി കേളോത്ത് മഹല്‍ ജുമൈലയാണ് ( 34) അറസ്റ്റിലായത്.
ശനി പുലര്‍ച്ചെയാണ് ഡാനിഷ് മരിച്ചത്. സ്വാഭാവികമരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. ഇന്‍ക്വസ്റ്റിനിടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ഞായര്‍ പകല്‍ പതിനൊന്നോടെ ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. ജുമൈല മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി പൊലീസ് പറഞ്ഞു. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഹംദാന്‍ ഡാനിഷ്. സഹോദരി: ഹല ഡാനിഷ് ഹുസൈന്‍