Monday, August 31

കോട്ടക്കലില്‍ കിണറില്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളി മരിച്ചു, മൃതദേഹം പുറത്തെത്തിച്ചു

കോട്ടക്കല്‍ : കോട്ടക്കലില്‍ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നന്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ അലി അക്ബര്‍ ആണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കോട്ടയ്ക്കല്‍ കൊഴൂര്‍ ചീരംകുഴിയില്‍ അലിയുടെ മകന്‍ അഹദിനെയാണ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.

25 അടിയോളം താഴ്ചയുള്ള കിണറില്‍ ജോലി എടുക്കുന്നതിനിടെ രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. ചങ്കുവെട്ടിക്കടുത്ത് കുര്‍ബാനിയ്ക്ക് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ കിണറ്റില്‍ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് സംഭവം. മലപ്പുറത്ത് നിന്നുള്ള അഗ്‌നി രക്ഷസേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷപ്രവര്‍ത്തനത്തിന് തടസമായി. നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്. അഹദിന്റെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണിനടിയില്‍ കുടുങ്ങിയതിനെതുടര്‍ന്ന് കാലില്‍ പരുക്കേറ്റിട്ടുണ്ട്.