Saturday, November 28

ഭിന്നശേഷി ക്ഷേമത്തില്‍ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം; ആറ് പുരസ്‌കാരങ്ങള്‍

ഭിന്നശേഷി ക്ഷേമ, ശാക്തീകരണ, പുനരധിവാസ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയ്ക്ക് വിവിധ വിഭാഗങ്ങളിലായി ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍. മികച്ച നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം മൂന്ന് വ്യക്തികളും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. ഡിസംബര്‍ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സ്വകാര്യ മേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാരനായി മൊറയൂര്‍ സ്വദേശി ജൈസല്‍ എ. അത്തശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. എഴുപത്തഞ്ച് ശതമാനം കാഴ്ചപരിമിതിയുള്ള ജൈസല്‍, പുളിക്കല്‍ വലിയപറമ്പിലെ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡില്‍ ജീവനക്കാരനാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് കംപ്യൂട്ടര്‍ കീബോര്‍ഡ് സ്വതന്ത്രമായി ഉപയോഗിക്കാനും ടൈപ്പിങ് വേഗവും കൃത്യതയും വര്‍ധിപ്പിക്കാനും സഹായിക്കുന്ന ‘എബിലിറ്റി ലേണിംഗ് പ്രോ’ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതും സഹായക സാങ്കേതികവിദ്യയിലൂടെ പരിശീലനം നല്‍കുന്നതുമാണ് അദ്ദേഹത്തെ നേട്ടത്തിലേക്ക് നയിച്ചത്.

മികച്ച ഭിന്നശേഷി മാതൃകാ വ്യക്തിയായി എടപ്പറ്റ സ്വദേശിനി ഫാത്തിമ അന്‍ഷി ടി.കെ. അവാര്‍ഡിന് അര്‍ഹയായി. നൂറ് ശതമാനം കാഴ്ചപരിമിതിയെ മറികടന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ പ്ലസും പ്ലസ് ടുവില്‍ 99.16 ശതമാനം മാര്‍ക്കും ബിരുദതല പരീക്ഷയും നേരിട്ടെഴുതി നേടിയ വിജയങ്ങള്‍ ശ്രദ്ധേയമാണ്. ഗായിക, ഭാഷാ പഠിതാവ്, മികച്ച എന്‍.എസ്.എസ്. വളണ്ടിയര്‍, വിവിധ പുരസ്‌കാര ജേതാവ് എന്നീ നിലകളിലും അന്‍ഷി തിളങ്ങി.

മികച്ച ഭിന്നശേഷി സര്‍ഗാത്മക ബാലികയായി മൂനിയൂര്‍ സ്വദേശിനി ഫാത്തിമ മിന തിരഞ്ഞെടുക്കപ്പെട്ടു. അന്‍പത് ശതമാനം ബൗദ്ധിക ഭിന്നശേഷിയുള്ള പത്തുവയസ്സുകാരി മിന, ദേശീയ ഡൗണ്‍ സിന്‍ഡ്രോം ഗെയിംസിലും കേരള സ്‌പെഷ്യല്‍ ഒളിമ്പിക്‌സിലും മെഡലുകള്‍ നേടിയിട്ടുണ്ട്. വിവിധ റെക്കോര്‍ഡുകളിലും കലാ-കായിക മത്സരങ്ങളിലും നേടിയ മികവുകളാണ് മിനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

മികച്ച നഗരസഭയായി കോട്ടയ്ക്കല്‍ നഗരസഭ പുരസ്‌കാരം നേടി. ബഡ്‌സ് സ്‌കൂളില്‍ തെറാപ്പി ഉപകരണങ്ങളും സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയതും നേരത്തെയുള്ള കണ്ടെത്തലിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, സഹായ ഉപകരണ വിതരണം, കലാ-കായിക പരിപാടികള്‍ എന്നിവ നടപ്പിലാക്കിയതുമാണ് നഗരസഭയുടെ പ്രധാന നേട്ടങ്ങള്‍.

മികച്ച ബ്ലോക്ക് പഞ്ചായത്തായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ വഴി കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന തെറാപ്പി സേവനങ്ങളും നേരത്തെയുള്ള ഇടപെടലുകളും ശ്രദ്ധേയമാണ്. അംഗണവാടികള്‍ വഴിയുള്ള നിരീക്ഷണം, സ്‌കോളര്‍ഷിപ്പുകള്‍, വാര്‍ഷിക കലോത്സവങ്ങള്‍ എന്നിവയും ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

മികച്ച ഗ്രാമപഞ്ചായത്തായി വേങ്ങര ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് അര്‍ഹമായി. പൊതുസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കിയതും എം-സഹജീവനം ഡിജിറ്റല്‍ സര്‍വേയും ജിയോ ടാഗിംഗും പൂര്‍ത്തിയാക്കിയതും മാതൃകയായി. പ്രത്യേക കോള്‍ സെന്റര്‍, സ്‌കോളര്‍ഷിപ്പുകള്‍ക്കും അലവന്‍സുകള്‍ക്കുമായി ഏകദേശം 50 ലക്ഷം രൂപ വകയിരുത്തിയത്, സഹായ ഉപകരണ വിതരണം, സ്‌നേഹചായ പദ്ധതി തുടങ്ങിയവയും ഗ്രാമപഞ്ചായത്തിന്റെ നേട്ടത്തിന് കരുത്തേകി.