Wednesday, September 2

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ

കരിപ്പൂർ : യു എ ഇ യിൽ നിന്ന് 1.157 കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനും, അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പോലീസ് പിടിയിലായി. അൽ ഐനിൽ നിന്നും എത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് 67 ലക്ഷം രൂപ വിലവരുന്ന 1.157 കിലോ സ്വർണം കടത്തിയത്. ഇയാൾ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നെങ്കിലും പോലീസ് പിടിയിലായി. ഇയാളെ തട്ടിക്കൊണ്ട് പോകാനെത്തിയ

വയനാട് സ്വദേശികളായ കെ.വി. മുനവിര്‍ (32), ടി. നിഷാം(34), ടി.കെ. സത്താര്‍ (42), എ. കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ എം. റഷീദ് (34) , സി.എച്ച്. സാജിദ് (36) എന്നിവരെയും പിടികൂടി.

ഇയാൾ സ്വർണവുമായി വരുന്ന വിവരവും ഇദ്ദേഹ ത്തെ തട്ടിക്കൊണ്ടു പോകാൻ സംഘം വന്ന വിവരവും ചോർന്നു കിട്ടിയ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പോലീസിനെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു.

എയര്‍പോര്‍ട്ട്  Arrival Gate ല്‍ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച  കാസര്‍ഗോഡ് കാഞ്ഞങ്ങാട്  സ്വദേശിയായ റഷീദ് (34)  എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. റഷീദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ്  കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി അറിയാന്‍ സാധിച്ചത്. 

നിലവില്‍ ദുബായില്‍ ജോലി ചെയ്തു വരുന്ന കോഴികോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശിയായ സാദിഖ് എന്നിവരാണ്  ഗോള്‍ഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന്  കൈമാറിയതും  മുസ്തഫയെ കിഡ്നാപ്പ് ചെയ്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍  റഷീദിനെ നിയോഗിച്ചതും.  റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള 5 അംഗ സംഘവും സമീറിന്‍റെ നിര്‍ദേശപ്രകാരം  എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. 

അതേ സമയം കസ്റ്റംസ് പരിശോധനളെ അതിജീവിച്ച് കടത്ത് സ്വര്‍ണ്ണവുമായിഎയര്‍പോര്‍ട്ടിന് പുറത്തെത്തിയ  മുസ്തഫയും പോലീസ് കസ്റ്റഡിയിലായി. രണ്ടുപേരും പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്തറിഞ്ഞ  കവര്‍ച്ചാസംഘം  പദ്ധതി ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു

ഇതോടെ പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കവര്‍ച്ചാ സംഘത്തെ പിന്തുടരുകയും വയനാട്ടിലേക്ക് രക്ഷപ്പെട്ട 5 അംഗ സംഘത്തെ വയനാട് വൈത്തിരിയില്‍ വെച്ചും കാസര്‍ഗോഡ് സ്വദേശിയെ കാഞ്ഞങ്ങാട് വെച്ചും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കടത്ത് സ്വര്‍ണ്ണവുമായി കുടുംബ സമേതം സ്വന്തം വീട്ടിലേക്ക് പോകുന്ന കൊടിഞ്ഞി സ്വദേശി മുസ്തഫയെ വിജനമായ സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് നിര്‍ത്തി തട്ടികൊണ്ടുപോയി കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്‍റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് വരെ നയിക്കാമായിരുന്ന സംഭവവികാസങ്ങള്‍ തടയാനായതും 67 ലക്ഷം രൂപ വിലവരുന്ന കള്ളകടത്ത് സ്വര്‍ണ്ണം പിടിച്ചെടുക്കാനുമായത്.

കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട പെട്ടവരെയും, പിടിച്ചെടുത്ത സ്വര്‍ണ്ണവും മഞ്ചേരി JFCM കോടതിയില്‍ ഹാജരാക്കി. മുസ്തഫക്കെതിരെയുള്ള തൂടര്‍ നടപടികള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നതാണ്.