Wednesday, September 2

കോഴിക്കോട്ട് സ്ലീപര്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട് : ഫറോക്ക് മണ്ണൂരില്‍ സ്ലീപര്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം. പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ബസാണ് പുലര്‍ച്ച രണ്ടരയോടെ മറിഞ്ഞത്. ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വാഹനത്തിനടിയില്‍ പെട്ടുപോയ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ഫറോക്ക് മണ്ണൂര്‍ വളവില്‍ ആണ് അപകടം സംഭവിച്ചത്. ഇറക്കത്തില്‍ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് നിഗമനം. ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.