Monday, August 31

ഓപ്പറേഷന്‍ സിന്ദൂര്‍ : 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യക്ക് വേണ്ടി വന്നത് 25 മിനുട്ട് മാത്രം ; കൊല്ലപ്പെട്ടത് 70 ഭീകരര്‍, മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടിതില്‍ പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകളാണ് തകര്‍ന്നടിഞ്ഞത്. ഇതിനായി ഇന്ത്യ പ്രയോഗിച്ചത് 24 മിസൈലുകള്‍ ആയിരുന്നു. ഇവ പ്രയോഗിക്കാന്‍ എടുത്ത സമയം വെറും 25 മിനുട്ട് മാത്രം. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ സഹോദരി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയത്. മുറിദ്‌കെ, ബഹവല്‍പൂര്‍, കോട്ലി, ഗുല്‍പൂര്‍, ഭീംബര്‍, ചക് അമ്രു, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ-ഇ-മുഹമ്മദും ലഷ്‌കര്‍-ഇ-തൊയ്ബയും സ്ഥിരമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് തകര്‍ത്തത്.