Wednesday, September 2

സ്‌കൂള്‍ സമയമാറ്റം ; നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി : ചര്‍ച്ചയില്‍ തൃപ്തരാണെന്ന് സമസ്ത

തിരുവനന്തപുരം : സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട നിലവിലെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടെന്നും ഭൂരിപക്ഷം മാനേജ്‌മെന്റുകളും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌തെന്നും ചിലര്‍ അഭിപ്രായ വിത്യാസം അറിയിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധവും പരാതിയുമായി മുന്നോട്ടു പോകാന്‍ വിദ്യഭ്യാസ വകുപ്പിന് താല്പര്യമില്ലെന്നും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ ശ്രമിച്ചത്. ചര്‍ച്ചയില്‍ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

അതേസമയം മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരാണെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായി പ്രവര്‍ത്തന സമയം 15 മിനുട്ട് വീതമാണ് വര്‍ധിപ്പിച്ചത്. പഠന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.