
പാലക്കാട് : അട്ടപ്പാടി ഭവാനിപ്പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ലഭിച്ച സംഭവത്തിൽ പ്രതി ഭർത്താവായ പശ്ചിമ ബംഗാൾ സ്വദേശി ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്. അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി ആണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ ക്രൂര കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളി ആണ് ഇയാൾ.
പശ്ചിമബംഗാള്‍ സ്വദേശിയാണ് പ്രതി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹങ്ങള്‍ അഞ്ചുദിവസത്തോളം വെള്ളത്തില്‍ കിടന്നതായിട്ടാണ് ഫോറൻസിക് പരിശോധനയില്‍ ലഭിച്ച സൂചന. ഒഴുക്കിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയില്‍ മൂന്ന് ചാക്കുകളാണ് പ്രദേശത്ത് കാലിമേക്കാൻ എത്തിയവർ ഞായറാഴ്ച ഉച്ചയോടെ കണ്ടത്.
ആദ്യ ചാക്ക് തുറന്നപ്പോള്‍ അതില്‍ ശരീരഭാഗങ്ങളാണെന്ന് മനസ്സിലായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയില്‍, രണ്ടാമത്തെ ചാക്കില്‍നിന്ന് മുപ്പത് വയസ്സോളം തോന്നിക്കുന്ന യുവതിയുടേയും അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടേയും ശിരസ്സ് ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ പുറത്തെടുത്തു. കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ശരീരഭാഗങ്ങള്‍ക്ക് നാലുദിവസത്തിലേറെ പഴക്കം കണക്കാക്കുന്നുണ്ട്. മൂന്നാമത്തെ ചാക്കില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇരുത്തി, കൈകാലുകള്‍ മടക്കി ഒരു ചാക്കിനുള്ളലേക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. മൂന്നുദിവസം മുൻപുവരെ പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാവാം ചാക്കുകള്‍ അടിഞ്ഞതെന്നുകരുതുന്നു.യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകള്‍ ചേർത്തുെവച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞശേഷമാണ് ചാക്കില്‍ കയറ്റിയിട്ടുള്ളത്.
ഇതാണ് കൃത്യത്തില്‍ ഒന്നിലേറെ പേർ ഉള്പ്പെട്ടിട്ടുണ്ടാവുമെന്ന സംശയമുയരാൻ കാരണം. തമിഴ്നാട്ടില്‍നിന്ന് വിതരണം ചെയ്യുന്ന കേരളത്തിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങള്‍. ചാക്കുകള്‍ വാങ്ങിയത് എവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്ന് സൂചന ലഭിച്ചിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ കേരളം വിട്ടിട്ടുണ്ട് എന്നാണ് സൂചന.
