Wednesday, November 4

മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഡിസംബര്‍ 31നകം പൂര്‍ ത്തിയാക്കാൻ തീരുമാനം

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍മ്മിക്കുന്ന ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ മഞ്ചേരി എം.എല്‍.എ അഡ്വ. എം. റഹ്‌മത്തുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പല കാരണങ്ങള്‍ കൊണ്ടും മന്ദഗതിയിലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായാണ് എംഎല്‍എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ തുടര്‍ച്ചയായി അവലോകന യോഗം നടത്തുന്നത്. വിവിധ നിര്‍മ്മാണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും സിവില്‍, ഇലക്ട്രിക്കല്‍, ഫയര്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സമയ പരിധി നല്‍കി. ചുറ്റുമതില്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ,് ഫര്‍ണിച്ചര്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ ഫണ്ടുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും എന്‍.ഒ.സിയും ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍മാണ ഏജന്‍സികളും കരാറുകാരും മുന്‍കൈയ്യെടുക്കണം. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ 23 കോടി രൂപ ചെലവിലാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണം. യോഗത്തില്‍ നിര്‍മ്മാണ ഏജന്‍സികളുടെ പ്രതിനിധികളും എന്‍.എച്ച്.എം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു