തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഏകദേശം 3000 കോടി രൂപ അനുവദിച്ചതായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി 76 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നാല്‍പ്പത്തേഴ് ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമികരംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു