ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുകയാണ് വിമുക്തി മിഷനിലൂടെ സംസ്ഥാന സര്‍ക്കാരും എക്സൈസ് വകുപ്പും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 4030 പേര്‍ക്കാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമേകിയത്.
ലഹരിയുടെ വിവിധ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 2022 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ (കിടത്തി ചികിത്സ) മാത്രം തേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ 362 പേരാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 2022ല്‍ 2832 രോഗികളും ഈ വര്‍ഷം ഏപ്രില്‍ വരെ 836 പേരും ഇവിടെ ചികിത്സ തേടിയെത്തി.
മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ പ്രശ്‌നങ്ങളുമാമായെത്തിയവരെയാണ് ഡി-അഡിക്ഷന്‍ സെന്റര്‍ വഴി ജീവിതത്തിലേക്ക് മടക്കിയത്. വിവിധ പ്രായത്തില്‍ ലഹരിക്കടിമപ്പെട്ടവര്‍ക്കും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഇവിടെ കൗണ്‍സിലിങ് സേവനവും നല്‍കുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അടക്കം ഒമ്പത് ജീവനക്കാരുടെ സേവനമാണ് കേന്ദ്രത്തിലുള്ളത്.
സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ എന്നിവ വഴി 892 ബോധവത്കരണ പരിപാടികളും ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍ ജില്ലയില്‍ വിമുക്തി മിഷന്‍ നടത്തിയിട്ടുണ്ട്.