
തിരൂരങ്ങാടി: ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളില്‍ മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇത്തവണയും ഇടം നേടി. പണ്ഡിത വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് അദ്ദേഹം.
ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രതി വര്‍ഷം പട്ടിക പുറത്തിറക്കുന്നത്.
2024 ലെ മാന്‍ ഓഫ് ദി ഇയര്‍ ആയി മലേഷ്യന്‍ തത്ത്വചിന്തകന്‍ പ്രൊഫ. സയ്യിദ് മുഹമ്മദ് നഖീബ് അല്‍ അത്താസിനെയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി സോമാലിയയിലെ ഡോ. എദ്ന അദ്നാന്‍ ഇസ്മാഈലിനെയുമാണ് തെരഞ്ഞെടുത്തത്. യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, സഊദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുല്‍ അസീസ്, ഇറാനിലെ പരമോന്നത ശിയാ പണ്ഡിതന്‍ ആയത്തുല്ല അലി ഖാംനഈ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ആദ്യ അമ്പതിലെ പ്രമുഖര്‍.
2012 മുതല്‍ ഡോ. നദ് വി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദയൂബന്ത് ദാറുല്‍ ഉലൂമിലെ മുഫ്തി അബുല്‍ ഖാസിം നുഅ്മാനി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സാക്കിര്‍ നായിക്, മൗലാനാ ശാകിര്‍ അലി നൂരി, മൗലാനാ സഅദ് കാന്ത്ലവി, അസദുദ്ദീന്‍ ഉവൈസി, ശബാനാ ആസ്മി, ആമിര്‍ ഖാന്‍, എ.ആര്‍ റഹ്‌മാന്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ വിവിധ മേഖലകളിലായി ഇന്ത്യയില്‍നിന്നു ഇടം നേടി.