വേങ്ങര: അബദ്ധത്തിൽ കിണറ്റിൽ വീണ ഉമ്മയെ രക്ഷിച്ച് അഭിമാനമായി അഞ്ചാം ക്ലാസ്സുകാരൻ. കിണർ വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ആഴമുള്ള കിണറ്റിലേക്ക് കാൽ വഴുതി വീണ മാതാവിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച് യു എൻ.മുഹമ്മദ് സ്വബീഹ് നാടിനു അഭിമാനമായി . കിളിനക്കോട് പള്ളിക്കൽ സ്വദേശി യു.എൻ.സൈതലവിയുടെ ഭാര്യ ജംഷീനയെയാണ് മകൻ കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത്. വീട്ടുവളപ്പിലെ കിണറ്റിൽ കുറുക്കൻ വീണതിനെ തുടർന്ന് വെള്ളം വറ്റിച്ച ശേഷം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഈ സമയം സൈതലവിയുടെ മകൾ റജ ഫാത്തിമ ഒച്ച വെച്ച് കരയുകയായിരുന്നു. ഇത് കേട്ടാണ് സ്വബീഹ് മറ്റൊന്നും ചിന്തിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടിയത്. നീന്തൽ അറിയാത്ത ഉമ്മയെ മുങ്ങിത്താഴതെ പിടിച്ചു നിൽക്കാൻ മോട്ടോറിന്റെ പൈപ്പും കയറും നൽകി. സൈതലവിയുടെ സഹോദരി റഹ്മത്ത് വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ഇരുവരെയും കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി.
സ്വബീഹ് കിളിനക്കോട് എം.എച്ച്.എം.യു.പി.സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സ്കൂളിലെ പാഠ്യ ഇതര വിഷയങ്ങളിലും, സോഷ്യൽ വർക്കിലും ഏറെ തൽപ്പരനാണ് സ്വബീഹ് എന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. . കാശ്മീർ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് , വൈറ്റ് ഗാർഡ് അംഗം എന്നി നിലകളിൽ പൊതു രംഗത്ത് സജീവമാണ് പിതാവ് സൈദലവി. ഉപ്പ തന്നെയാണ് മകന്റെ ഇത്തരം പ്രവർത്തനങ്ങളുടെ റോൾ മോഡലെന്ന് നാട്ടുകാർ പറയുന്നു.
സ്വബീഹിനെ കാശ്മീർ അലിഫ് ചാരിറ്റി സെന്റർ ഭാരവാഹികൾ വീട്ടിൽആദരിച്ചു
കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ, അലിഫ് ഭാരവാഹികളായ എൻ.കെ.കുഞ്ഞാണി, കുഞ്ഞോട്ട് അയ്യൂബ്, ശംസീർ പൂക്കുത്ത്, യു.കെ.സാദിഖ് , മൻസൂർ പാലേരി, ഫൈസൽ മാസ്റ്റർ കോട്ടക്കൽ, ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു. കിളിനക്കോടുള്ള ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചിറ്റടി ക്കുളം കുട്ടികൾക്ക് നീന്തം പഠിക്കാൻ പ്രചോദനമാകുന്നു വെന്നും , ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടാൻ സഹായകമായെന്ന്യംകണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ പറഞ്ഞു.