
ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫിറ്റാമിനാണ് പിടികൂടിയത്. മലയാളികളായ എ.എം.സുഹൈല്‍ (31), കെ.എസ്.സുജിന്‍ (32), നൈജീരിയന്‍ പൗരന്‍മാര്‍, ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ദില്ലിയില്‍ നിന്ന് ബെംഗളൂരു, കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദമാക്കുന്നത്.
മലയാളികളായ സുഹൈലും സുജിനും ചേര്‍ന്നാണ് ലഹരിസംഘം ബെംഗളൂരുവില്‍ നടത്തിയിരുന്നതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായ ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ക്കും സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എം.ഡി. സഹീദ് എന്ന ഫിറോജ് (29), ഭാര്യ സുഹ ഫാത്തിമ (29) എന്നിവരാണു പിടിയിലായ ദമ്പതികള്‍. മയക്കുമരുന്നിന് അടിമയായ ആദ്യ ഭര്‍ത്താവ് വഴിയാണ് ഫാത്തിമ ലഹരിമരുന്ന് വ്യാപാരത്തിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സഹീദിനെ പുനര്‍വിവാഹം ചെയ്ത ശേഷം, ദമ്പതികള്‍ സുഹൈലുമായി ഇടപാടുകള്‍ നടത്തുകയായിരുന്നു.
ദില്ലി, ബെംഗളൂരു, കേരളം തുടങ്ങി സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു വിതരണ ശൃംഖല പിടിയിലായ ലഹരി സിന്‍ഡിക്കേറ്റിനുണ്ടായിരുന്നുവെന്നും നൈജീരിയന്‍ സ്വദേശികളാണ് ലഹരിമരുന്ന് ഇവക്ക് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് വിശദമാക്കുന്നത്. വിദ്യാര്‍ഥികള്‍, ഐടി പ്രൊഫഷനലുകള്‍, യുവാക്കള്‍ എന്നിവരെയാണ് ഈ ലഹരി സിന്‍ഡിക്കേറ്റ് ലക്ഷ്യമിട്ടതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ക്രൈം ബ്രാഞ്ച്) ഹര്‍ഷ് ഇന്തോറ വിശദമാക്കിയത്.
സുഹൈലിനെ ക്രൈംബ്രാഞ്ച് യൂണിറ്റ് കുറച്ചുകാലമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ഗസ്റ്റ്ഹൗസില്‍ വച്ചാണ് സുഹൈലിനെയും സുജിനെയും പൊലീസ് പിടികൂടിയത്. റെയ്ഡില്‍ ആറ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ഇവരില്‍നിന്നു പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍, ബെംഗളൂരുവിലെ ലഹരിവിതരണ സംഘത്തെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ബെംഗളൂരുവില്‍ എത്തി റെയ്ഡ് നടത്തി ദമ്പതികള്‍ അടക്കമുള്ളവരെ പിടികൂടിയത്.