മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം. അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന കാലാവധി, കരാറുകാരന്റെ പേര് തുടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നത്.
കൂടാതെ റോഡുകളുടെ പരിപാലനത്തിന് കൃത്യമായ മാനദണ്ഡം സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ച റോഡിന് മൂന്ന് വർഷവും അല്ലാത്ത റോഡുകൾക്ക് രണ്ട് വർഷവുമാണ് പരിപാലന കാലാവധി. റോഡ് നിർമാണത്തിന് മുമ്പ് കരാറുകാരൻ അടച്ച ഡെപ്പോസിറ്റ് തുക പരിപാലന കാലാവധി കഴിഞ്ഞാൽ മാത്രമെ തിരിച്ചു നൽകുകയൊള്ളു. എന്നാൽ കാലാവധി കഴിഞ്ഞ റോഡുകൾ പരിപാലിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന കരാർ സംവിധാനമാണ് റണ്ണിങ് കോൺട്രാക്ട്. പരിപാലന കാലാവധി വരെ കരാറുകാരനും അതിന് ശേഷം ഒരു വർഷത്തേയ്ക്ക് ടെൻഡർ എടുത്ത കരാറുകാരനും അത് കഴിഞ്ഞാൽ ഒരു വർഷത്തേയ്ക്ക് വീണ്ടും ടെൻഡർ എടുത്ത കരാറുകാരനുമാണ് പരിപാലന ചുമതല. ഈ വിവരങ്ങൾ എല്ലാം പരസ്യപ്പെടുത്തി കരാറുകാരന്റെ ഫോൺ നമ്പർ സഹിതമുള്ള പുതിയ ബോർഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ച റോഡുകൾക്ക് സമീപം സ്ഥാപിക്കുന്നുണ്ട്. ഇത് പൊതുജനങ്ങൾക്ക് ഇടപെടാൻ സഹായിക്കുന്നതാണ്. ഇതിലും മലപ്പുറം ജില്ല ഏറെ മുന്നിലാണ്. ജില്ലയിലെ 2375 കിലോമീറ്റർ റോഡിൽ 2203 റോഡുകളും റണ്ണിങ് കോൺട്രാക്ട് വഴി നവീകരിച്ചതാണ്. അതായത് 93 ശതമാനം. 145 കിലോമീറ്റർ റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് പ്രവർത്തിക്കാൻ 6.55 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇത് വലിയ രീതിയിൽ പരിപാലന നടപടികൾ വേഗത്തിലാക്കാൻ സഹായകരമാക്കി.
സർക്കാർ റെസ്റ്റ്ഹൗസിൽ ഓൺലൈൻ ബുക്കിങ് രീതിയിലേക്ക് മാറ്റിയതോടെ ഒന്നര വർഷം കൊണ്ട് 8.81 കോടി രൂപയുടെ വരുമാനമാണ് സർക്കാറിന് നേടാനായത്. ഇതിൽ മലപ്പുറം ജില്ലയിലെ 18 റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയത് 10,831 ആളുകളാണ്. 56,99,968 രൂപയാണ് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത്.
എൻ.എച്ച് 66ന്റെ സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാറാണ് ചെലവഴിച്ചത്. ദേശീയപാത നവീകരണത്തിന് സംസ്ഥാന സർക്കാർ നല്ലരീതിയിലാണ് സഹകരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ പാർലിമെൻറിൽ തന്നെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 300 കോടിയിലേറെ രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിനായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
റോഡ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിർമ്മാണത്തിനു മുൻപ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും. ഇതിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
മലബാറിലെ ടൂറിസത്തിന് കരുത്ത് പകരാൻ മെച്ചെപ്പെട്ട താമസ സൗകര്യവും റോഡ് സൗകര്യവും ഉറപ്പുവരുത്താൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിന് കക്ഷി രാഷ്ട്രീയ ദേദമന്യെ നല്ല സഹകരണം ലഭിക്കുന്നുണ്ട്. ജില്ലയിലെ ടൂറിസം മെച്ചപ്പെടുത്താൻ പ്രത്യേക യോഗം ആഗസ്റ്റ് മാസത്തിൽ ചേരും. ആദ്യം ടൂറിസം വകുപ്പിന്റെ യോഗവും തുടർന്ന് ജനപ്രതിനിധികളുടെ യോഗവുമാണ് ചേരുക. ശേഷം കർമ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കും. നിലവിൽ ടൂറിസം സാധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബീച്ച് ടൂറിസം വികസിപ്പിക്കാനായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടക്കമുള്ളവ സ്ഥാപിക്കുന്നുണ്ട്. ഇത് കൂടുതൽ വിനോദ സഞ്ചാരികളെ മലബാർ മേഖലയെ ആകർഷിക്കാൻ കാരണമാകും. മേൽപ്പാലങ്ങളുടെ താഴ്ഭാഗത്ത് ഷട്ടിൽ കോർട്ട്, ടർഫ് ഗ്രൗണ്ട് തുടങ്ങിയവ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാറിന്റെ മുന്നിലുണ്ട്. സംസ്ഥാനത്ത് എറണാംകുളം, കൊല്ലം ജില്ലയിൽ രണ്ട് പൈലറ്റ് പദ്ധതികൾ നടപ്പാക്കും. ജില്ലയിലും ഈ സാധ്യത ഉപയോഗപ്പെടുത്തും.
ട്രക്കിങ് സാധ്യതയുള്ള മലയോര മേഖലകളിൽ ടൂറിസത്തിനായി പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കിമെന്നും മന്ത്രി പറഞ്ഞു.