
മലപ്പുറം : ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകിരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച (ഏപ്രില്‍ 17) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നവകേരള കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം , പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങല്‍ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം , ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നത്.
ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഓരോ ആരോഗ്യ സ്ഥാപനത്തിലും എം.എല്‍എ.യുടെ നേതൃത്വത്തില്‍ ഉദ്ഘാടന ചടങ്ങുകളും നടക്കും.
കുടുംബാരോഗ്യകേന്ദ്രമായി മാറുമ്പോള്‍ ആശുപത്രി കൂടുതല്‍ രോഗീ സൗഹൃദമാകുകയും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഒപി ഉള്‍പ്പെടെയുളള സേവനം ലഭ്യമാകുകയും ചെയ്യും . ഗ്രാമീണ മേഖലയില്‍ കുടുംബ ഡോക്ടറെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കാനും കുടുംബാരോഗ്യ കേന്ദ്രം ലക്ഷ്യമിടുന്നു. കൂടുതല്‍ പൊതുജന പങ്കാളിത്തത്തോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളും നടപ്പിലാക്കുവാനും കൂടുംബാരോഗ്യ കേന്ദ്രം സഹായകരമാകും