തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്ക് 9 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലാണ് പദ്ധതി

തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 9 കോടി രൂപയുടെ അനുമതിയായി…
തിരൂരങ്ങാടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്കായി 9 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ. പി.എ മജീദ് എം. എൽ. എ അറിയിച്ചു. നഗരസഭകൾക്കുള്ള നഗര സഞ്ചയം എന്ന കേന്ദ്രസർക്കാർ പദ്ധതിയിലാണ് തുക അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തിക്കായി 5 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ളപദ്ധതിയുടെ തുടർ പ്രവർത്തിക്കായി 4 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.
നേരത്തെ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുകയും, ഈ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ റോഡ് പുരുദ്ധാരണത്തിനു 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കരിപ്പറമ്പ് കല്ലക്കയത്ത് നിന്നും കക്കാട് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തു കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പൈപ്പിൽ സ്ഥാപിക്കുമ്പോൾ റോഡ് പുനരുദ്ധാരണത്തിന് 232 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ആയതിൽ 80 ലക്ഷം രൂപ വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അടച്ചിട്ടുണ്ട്. ബാക്കി തുകയും ഹൗസ് കണക്ഷനുകളും ഈ പദ്ധതിയിൽ നിന്നും ഇപ്പോൾ ലഭ്യമാക്കിയ തുക ഉപയോഗിച്ച് നൽകാൻ സാധിക്കും.

ഉള്ളണം കുടിവെള്ള പദ്ധതിയുടെ കിണർ മോട്ടോർ പമ്പ് ഹൗസ് എന്നിവർ നേരത്തെ നിർമിച്ചിട്ടുണ്ട്. ടാങ്ക്,ട്രീറ്റ്മെന്റ് പ്ലാന്റ്, ഹൗസ് കണക്ഷനുകൾ തുടങ്ങിയവയാണ് ഇനി നിർമ്മിക്കാൻ ഉള്ളത്. ജലജീവൻ മിഷൻ പദ്ധതി പരപ്പനങ്ങാടി തിരൂരങ്ങാടി എന്നീ നഗരസഭകളിൽ നടപ്പിലാക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി നഗരസഭ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ചിട്ടുള്ള ട്രീറ്റ്മെന്റ് പ്ലാനിൽ നിന്നും ജലം ശുദ്ധീകരിച്ച് മുൻസിപ്പാലിറ്റി യിലേക്ക് എത്തിച്ച വെള്ളം വീടുകളിലേക്ക് പമ്പ് ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഉള്ളം പൂവത്താൻ കുന്നിൽ ടാങ്ക് നിർമ്മിക്കുന്നതോടുകൂടി നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് വളരെയെളുപ്പത്തിൽ ജലം പമ്പ് ചെയ്യാൻ സാധിക്കും. നിയോജകമണ്ഡലത്തിലെ പെരുമണ്ണ ക്ലാരി, തെന്നല എന്നീ പഞ്ചായത്തുകളിൽ നേരത്തെ ജലനിധി പദ്ധതി യാഥാർഥ്യമാക്കിയിട്ടുണ്ട്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത്, എടരിക്കോട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജല ജീവൻ മിഷൻ പദ്ധതിപ്രകാരം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
ഈ പദ്ധതികൾ കൂടി യാഥാർഥ്യമാകുന്നതോടെ 100% കുടിവെള്ള ലഭ്യത കൈവരിച്ച നിയോജകമണ്ഡലം ആയി തിരൂരങ്ങാടി മാറും.
ഈ രണ്ടു പദ്ധതികളുടെയും നിലവിൽ അനുവദിച്ച തുക തുക പ്രകാരമുള്ള പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ മീറ്റിംഗ് വിളിച്ചു ചേർത്തതായി കെപിഎ മജീദ് എംഎൽഎ അറിയിച്ചു.

error: Content is protected !!