Thursday, September 3

സംസ്ഥാന കായിക ജേതാക്കൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആദരം

വിവിധ ചാംപ്യൻഷിപ്പുകളിൽ മലപ്പുറം ജില്ലക്കായി നേട്ടംകൊയ്ത കായിക താരങ്ങളെ മലപ്പുറം ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. സുബ്രതോ കപ്പ് ഫുട്ബോളിൽ ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലും, പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിലും സംസ്ഥാനത്ത് കിരീടം നേടാൻ മലപ്പുറത്തിനായി. എം.ഐ സി അത്താണിക്കൽ സ്‌കൂളിലെ ടീമാണ് ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ജില്ലക്കായി കിരീടം നേടിയത്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ നിലമ്പൂർ മാനവേദൻ ഗവ.ഹയർസെക്കൻഡറി സ്കൂളാണ് ജേതാക്കളായത്. 51-ാം സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ ജില്ല ജേതാക്കളായി. വിവിധ സ്കൂളുകളിലെ താരങ്ങളാണ് ജില്ലക്കായി കളത്തിലിറങ്ങിയത്. സംസ്ഥാന ജെ.എൻ ഹോക്കി ചാംപ്യൻഷിപ്പിൽ ജില്ല മൂന്നാം സ്ഥാനം നേടി. മങ്കട പാങ്ങ് ജി.എച്ച്എസ്.എസ് സ്‌കൂളാണ് നേട്ടംകൊയ്തത്. താരങ്ങൾക്ക് ഉപഹാരം കൈമാറി.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എ.പി സ്മിജി അധ്യക്ഷയായി. ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ പി.കെ അസ്‌ലു വിഷയാവതരണം നടത്തി. സ്ഥിരസമിതി ചെയർപേഴ്സൺമാരായ ഷാഹിന നിയാസി, കെ.ടി അജ്മൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി മുഹമ്മദലി, യാസ്മിൻ അരിമ്പ്ര, ശരീഫ് കുറ്റൂർ, മുസ്‌തഫ അബ്ദുലത്തീഫ്, ഹനീഫ മൂന്നിയൂർ, പി.എച്ച് ഷമീം, ഫൗസിയ പെരുമ്പള്ളി, ജൈസൽ എളമരം, സി.സുകുമാരൻ, ഫിനാൻസ് ഓഫീസർ എം.മുഹമ്മദ് ബഷീർ, മുൻ സന്തോഷ് ട്രോഫി താരം ഹബീബ് റഹ്മാൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ.സുധീർകുമാർ, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മജീദ് കാടേങ്ങൽ, ജില്ലാ പ്രസിഡൻ്റ് വി.സഫ്ത്തറലി, സംസ്ഥാന കായിക വേദി ചെയർമാൻ എം.ടി മുഹമ്മദലി, കോഡിനേറ്റർ പി.ടി ശംസുദ്ധീൻ, ജില്ലാ കായിക വേദി കൺവീനർ പി.കെ മുഹമ്മദ് സജീർ, സി.ജൈസൽ, ജംഷീർ കക്കോവ്, ഫുട്ബോൾ ടീം പരിശീലകരായ സി.ഷാനിൽ, ഷാഹിദ്, ഹോക്കി ടീം പരിശീലകൻ ആർ.സി അതുൽ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.