
കാലിക്കറ്റ് സർവകലാശാല പ്രവർത്തനങ്ങൾ പേപ്പർലെസ് ആക്കുന്നതിൻ്റെ രണ്ടാംഘട്ട ഡിജിറ്റൈസേഷൻ പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് നിർവഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, പരീക്ഷാ ഭവനിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാംഘട്ടത്തിന്റെ പ്രാഥമിക പ്രവർത്തനമായി പരീക്ഷാഭവനിൽ സൂക്ഷിച്ചിട്ടുള്ള ടാബുലേഷൻ രജിസ്റ്ററുകളും അനുബന്ധ രേഖകളും ഡിജിറ്റൈസ് ചെയ്യാനാണ് പദ്ധതി. വർഷങ്ങളായി സർവകലാശാലയുടെ പരീക്ഷാ രേഖകളായി സൂക്ഷിച്ചുവരുന്ന ടാബുലേഷൻ രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിലൂടെ രേഖകളുടെ സംരക്ഷണം, വേഗത്തിലുള്ള വിവരശേഖരണം, ആവശ്യമായ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കൽ എന്നിവ സാധ്യമാകും. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് (പാലക്കാട്) ഡിജിറ്റൈസേഷൻ പദ്ധതിയുടെ നിർവഹണ ചുമതല. സർവകലാശാലയുടെ വിവിധ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിലൂടെ പേപ്പർ ഉപയോഗം കുറയ്ക്കുന്നതിനും ഭരണ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും സാധിക്കും.
