Friday, September 4

മോഷ്ടിച്ച ബൈക്കുമായി പോകുമ്പോൾ തെരുവ്നായയെ ഇടിച്ചു മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയില്‍ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായയിലും മറ്റൊരു ബൈക്കിലുമിടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
ഒപ്പമുണ്ടായിരുന്നയാളുടെ നില അതീവ ഗുരുതരം.
മണ്ണഞ്ചേരി സബീല്‍ മന്‍സില്‍ നരിയില്‍ മുഹമ്മദ്‌ സബീല്‍ (18), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ റിന്‍ഷാദ്‌ റഷീദ്‌ (20) എന്നിവരാണ്‌ മരിച്ചത്‌. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത്‌ ഷാനവാസിന്റെ മകന്‍ ഷിജാസ്‌ (19) ആണ്‌ ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്‌.
ആലപ്പുഴ – തണ്ണീർമുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ഗോള്‍ഡൻ ചിപ്‌സ് കടയ്ക്ക് മുന്നിലായിരുന്നു അപകടം.

ഇന്നലെ പുലര്‍ച്ചെ 3.20 നായിരുന്നു അപകടം. മോഷ്‌ടിച്ച ബൈക്കില്‍ ഹെല്‍മറ്റ്‌ ഇല്ലാതെ യാത്ര ചെയ്‌തവരാണ്‌ മരിച്ചത്‌. മൂവര്‍ സംഘം മണ്ണഞ്ചേരിയില്‍നിന്ന്‌ ആലപ്പുഴ ഭാഗത്തേക്ക്‌ അമിത വേഗതയില്‍ തെറ്റായ ദിശയിലൂടെയാണ്‌ ബൈക്ക്‌ ഓടിച്ചുവന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എതിരെ വന്ന റിജോ ജോണ്‍സണും സുഹൃത്ത്‌ അക്ഷയ്‌ വിന്‍സന്റും സഞ്ചരിച്ച ബൈക്കിലാണ്‌ ഇവരുടെ ബൈക്ക്‌ ഇടിച്ചത്‌. അപകടത്തില്‍ റിജോയുടെ ഇടതുകാലിനും കൈയ്‌ക്കും അക്ഷയുടെ ഇരുകൈകള്‍ക്കും ഇടതുകാലിനും പരുക്കേറ്റു. റിജോ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തത്‌.
മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക്‌ കോളഭാഗം സൂര്യോദയം വീട്ടില്‍ കെ.ബി. പ്രമോദിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ്‌ സംഘം മോഷ്‌ടിച്ചത്‌. വീട്ടുമുറ്റത്ത്‌ വച്ചിരുന്ന ബൈക്ക്‌ പൂട്ട്‌ പൊട്ടിച്ചാണ്‌ കൊണ്ടുപോയത്‌.
കോട്ടയം നാട്ടകം ഗവ. കോളജില്‍ ലൈബ്രറി അസിസ്‌റ്റന്റായ പ്രമോദ്‌ ബുധനാഴ്‌ച വൈകിട്ട്‌ ഏഴരയോടെ വീട്ടിലെത്തി ബൈക്ക്‌ പൂട്ടിവച്ചതാണ്‌. രാത്രി 10 വരെ ബൈക്ക്‌ വീട്ടുമുറ്റത്തുണ്ടായിരുന്നതായി പ്രമോദ്‌ പറഞ്ഞു.
മോഷ്‌ടാക്കള്‍ കൊണ്ടുപോയ ബൈക്ക്‌ തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണംവിട്ട്‌ മറിഞ്ഞ്‌ അന്‍പത്‌ മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി. ഈ സമയം തീപ്പൊരി ചിതറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. തുടര്‍ന്നാണ്‌ എതിരെ വന്ന റിജോയുടെ ബൈക്കിലിടിച്ചത്‌. റോഡില്‍ തലയടിച്ചുവീണ മുഹമ്മദ്‌ സബീലും റിന്‍ഷാദ്‌ റഷീദും തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ്‌ ഷിജാസിനെ ആശുപത്രിയിലെത്തിച്ചത്‌. അപകടത്തിനു തൊട്ടു മുമ്പും മോഷണം നടത്തിയതായി സംശയമുണ്ട്‌. ഇവരുടെ പക്കല്‍ നിന്ന്‌ 25 പാക്കറ്റ്‌ സിഗരററ്റുകള്‍ ലഭിച്ചിരുന്നു. ഇതു കവര്‍ന്നതാണെന്നാണ്‌ സംശയം.
ആലപ്പുഴ നോര്‍ത്ത്‌ പോലീസും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. സുറുമിയാണ്‌ സബീലിന്റെ മാതാവ്‌. സഹോദരങ്ങള്‍: സഹല്‍, ബിലാല്‍. ഷംനയാണ്‌ റിന്‍ഷാദിന്റെ മാതാവ്‌. സഹോദരങ്ങള്‍: റംസി, റിദ. സബീലിന്റെ കബറടക്കം ഇന്നലെ വൈകിട്ട്‌ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല്‌ കബര്‍സ്‌ഥാനിലും റിന്‍ഷാദിന്റെ കബറടക്കം മണ്ണഞ്ചേരി കിഴക്കേ മഹല്ല്‌ കബര്‍സ്‌ഥാനിലും നടന്നു.