Tuesday, September 15

ഓലപ്പീടിക – കൊടിഞ്ഞി റോഡിൽ പെരുന്തോടിൽ പാലം നിർമാണം; ഉന്നത ഉദ്യോസ്ഥർ സന്ദർശിച്ചു

താനൂർ: ഓലപ്പീടിക – കൊടിഞ്ഞി റോഡിൽ പെരുന്തോടിന് കുറുകെ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ ധീരജ് കുമാർ കെ, പാലം ഡിസൈനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഷാജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഫിനിക്സ്, അസിസ്റ്റന്റ് എഞ്ചിനിയർ റൂബിൻ, ഓവർസിയർ റീന എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്ച വൈകുന്നേരം മാലിദ്വീപിലെ പെരുന്തോട് പ്രദേശം സന്ദർശിച്ചു. വൈസ് ചെയർമാൻ എം.പി. അഷറഫ്, കൗൺസിലർ ഫൈസൽ കള്ളിത്തടത്തിൽ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

പാലത്തിന്റെ സാധ്യതാ പഠനത്തിന് അനുവദിച്ച 10 ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സാധ്യതാ പഠനത്തിന് ശേഷം പാലത്തിന്റെ ഡിസൈനും, ഡി.പി.ആറും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. അതിന് ശേഷമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുക. പാലം നിർമ്മിക്കുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ആസ്ഥനമായുള്ള എസ്റ്റീം ഡെവലപ്പേഴ്സ് എന്ന കമ്പനിയാണ് പെരുന്തോട് പാലത്തിന്റെ സാധ്യതാ പഠനത്തിനുള്ള കരാർ എടുത്തിരിക്കുന്നത്. വട്ടത്താണി റയിൽവേ മേൽപ്പാലത്തിന്റെ സാധ്യതാ പഠനത്തിനുള്ള കരാർ എടുത്തിരിക്കുന്നതും ഇതേ കമ്പനിയാണ്.

പി.കെ. നവാസ് എം.എൽ.എ. യുടെ പരിശ്രമത്തെ തുടർന്നാണ് പാലമെന്ന ആവശ്യത്തിന് വീണ്ടും ചിറക് മുളച്ചത്. ഇവിടെ പാലം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രഡിഡന്റ് സി. മുഹമ്മദ് അഷറഫും, മാലിദ്വീപ് ഡിവിഷൻ കൗൺസിലർ റഷീദ് മോര്യയും എം.എൽ.എ ക്ക് നിവേദനം നൽകിയിരുന്നു.