
തിരൂരങ്ങാടി: കേരളീയ സമൂഹത്തിന് ദിശ നിർണയിച്ച ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (കാന്തപുരം വിഭാഗം) സെന്റിനറി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സെൻ്റിനറി സമ്മേളന പ്രവർ ത്തനങ്ങൾ ആരംഭത്തിലേക്ക്. 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാട് വാദീഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി സമ്മേളന സ്വാഗതസംഘം രൂപവത്കരണ സമ്മേളനം ഇന്ന് നടക്കും .
വൈകുന്നേരം 3.30 ന് ചെമ്മാട് ഖുതുബുസ്സമാൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ സമ്മേളനത്തിൻ്റെ നടത്തിപ്പിനുള്ള വിപുലമായ സ്വാഗത സംഘം രൂപവത്കരിക്കും. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, നേതാക്കളായ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും.
കേരളത്തിന് പുതിയ സമ്മേളന സംസ്കാരം പകർന്നു നൽകുന്ന തരത്തിലാണ് സമ്മേളന പദ്ധതികൾ ആവിഷ്കരിക്കുന്നത് സമ്മേളനത്തോടനുബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ജനകീയ നാട്ടുദർസ്, പണ്ഡിതസംഗമം, സ്റ്റുഡന്റ്സ് സമ്മിറ്റ്, മുതഅല്ലിം കോൺക്ലൈവ്, ഫിഖ്ഹ് സമ്മിറ്റ്, ഇസ്സകോഡ് സന്നദ്ധ സംഘം, സെന്റിനറി നിധി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സെന്റിനറിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. മുഴുവൻ മനുഷ്യരിലേക്കും സന്ദേശം എത്തിക്കുന്നതിനായുള്ള ഈ പദ്ധതികൾ സമസ്തയുടെ സാമൂഹിക-സാംസ്കാരിക സേവനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
