Saturday, November 14

ഫുജൈറയിൽ അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളുടെയും കബറടക്കം നടത്തി

ഫുജൈറയിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേരുടെയും ഖബറടക്കം നടത്തി.
ഒരേ മണ്ണിലാണ് മൂവർക്കും അന്ത്യവിശ്രമം ഒരുക്കിയത്.
ഇരട്ട സഹോദരങ്ങൾക്കും അവർക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന പ്രിയപ്പെട്ട മൂന്നു വയസ്സുകാരൻ്റെയും മരണം നൊമ്പര കാഴ്ചയായി.
വാഹനാപകടത്തിൽ മരണമടഞ്ഞ എ ആർ നഗർ കുണ്ടിൽ പറമ്പ് ചെപ്യാലം സ്വദേശി തുപ്പലക്കാട്ട് സിദ്ദീഖ് – ആരിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് അസ്മിൽ (21), ഇരട്ട സഹോദരി മിസ്ന ജുബിൻ (21), ഇവരുടെ സഹോദരി ഫർസാന ജൂബിൻറെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരുടെ ഖബറടക്കം കണ്ണീരിൽ കുതിർന്നു.
നൂറുകണക്കിനാളുകളാണ് മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കച്ചടങ്ങിലും പങ്കെടുത്തത്.
ഒമിച്ചായിരുന്ന അസ്മിലിന്റെയും മിസ്നയുടെയും ജീവിതം. ഒരേ ജന്മദിനം, ഒരേ സ്കൂൾ, ഒരേ പഠന പാഠ്യപദ്ധതികൾ. പത്താം ക്ലാസ് വരെ വേങ്ങര ചേറൂർ പി പി ടി എം വൈ സ്കൂളിൽ ആയിരുന്നു പഠിച്ചത്. പിന്നീട് ഉപ്പയോടൊപ്പം ഫുജൈറയിലേക്ക് പോയി. പ്ലസ് ടൂ , ഡിഗ്രി പഠനവും ഫുജൈറയിൽ ആയിരുന്നു.
ഇരുവരും ഓൺലൈനായി ഡിഗ്രി പഠിക്കുകയായിരുന്നു. താത്ത ഫർസാനയുടെ
മൂന്നു വയസ്സുകാരനായ ഫായിസിനോട് ഇരുവർക്കും വലിയ അടുപ്പമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സിദ്ദീഖും ആരിഫയും ഫർസാനയും മക്കളും നാട്ടിൽ നിന്നെത്തിയത്.
ബുധനാഴ്ച രാത്രി ഉമ്മ ആരിഫയുടെ അനിയത്തിയുടെ കുട്ടിയെ ഷാർജയിൽ ഇറക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങവേ, ഫുജൈറ കോടതിക്ക് സമീപം കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മൂവരും മരിച്ചത്. പരിക്കേറ്റ ആരിഫയും മകൾ ഫർസാനയും ഇവരുടെ രണ്ടു മക്കളായ ഫാത്തിമ ഫാസ , ഫെസിൻ എന്നിവരും ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. സിദ്ദീഖും മൂത്ത മകൻ അജ്മലും ഫർസാനയുടെ ഭർത്താവ്
ഫറോക്ക് ചെറുവണ്ണൂർ സ്വദേശി നാലകത്ത് മുഹമ്മദ് മുഹമ്മദ് ഫാസിലും ഇവരോടൊപ്പം പോയിരുന്നില്ല.

ഫുജൈറയിൽ ദീർഘ കാലമായി താമസിക്കുന്ന കുടുംബത്തിന് സംഭവിച്ച ദുരന്തം പ്രവാസി സമൂഹത്തെയും ജന്മനാടിനെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തി.