കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ആരോഗ്യവകുപ്പിന്റെയും മറ്റിതര വകുപ്പുകളുടെയും ശ്രമഫലമായി സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ജില്ല ഈ കാര്യത്തില്‍ പിന്നാക്കം പോകുന്ന അവസ്ഥയായി. ഇതിന്റെ ഫലമായി കുത്തിവെപ്പ് കൊണ്ട് തടയാവുന്ന രോഗങ്ങളായ മീസല്‍സ് (അഞ്ചാം പനി), തൊണ്ടമുള്ള് തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയില്‍ സമീപ കാലത്ത് റിപ്പോര്‍ട്ട് ചെയ്ത മീസല്‍സ് കേസുകളില്‍ ഭൂരിഭാഗവും മുതിര്‍ന്ന കുട്ടികളിലും കൗമാര പ്രായക്കാരിലും ആണെന്നുള്ളത് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. രോഗബാധ ഉണ്ടായവരില്‍ ആയിരത്തില്‍ ഒരാള്‍ക്ക് രോഗം തലച്ചോറിനെ ബാധിച്ച് സ്ഥിരമായ ക്ഷതം ഉണ്ടാക്കുന്നു. കൂട്ടാതെ ആയിരത്തില്‍ ഒന്ന് മുതല്‍ മൂന്നു പേര്‍ വരെ മരണപ്പെടാന്‍ സാധ്യതയും ഉണ്ട്. രോഗം ബാധിച്ചവരില്‍ അന്ധതയും ഗുരുതരമായ വയറിളക്കവും ന്യുമോണിയയും ഉണ്ടാകുവാനും അത് വഴി ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അഞ്ചു വയസില്‍ താഴെ ഉള്ള കുട്ടികള്‍, 20 വയസിനു മേല്‍ പ്രായം ഉള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഈ രോഗബാധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

വായുവിലൂടെ പകരുന്ന ഈ രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രണ്ട് ഡോസ് മീസല്‍സ് കുത്തിവെപ്പ് എടുക്കുക എന്നത് മാത്രമാണ്. കുഞ്ഞുങ്ങള്‍ക്ക് ആദ്യകുത്തിവെപ്പ് ഒന്‍പത് മാസം പൂര്‍ത്തിയാകുമ്പോഴും രണ്ടാമത്തെ ഡോസ് 15 മാസം പൂര്‍ത്തിയാകുമ്പോഴും എടുക്കണം. ഇത് വരെ എടുക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു മാസത്തെ ഇടവേളയില്‍ മീസല്‍സ് അടങ്ങിയ വാക്‌സിനുകള്‍ എടുത്താല്‍ പ്രതിരോധ ശേഷി ലഭിക്കും. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് എല്ലാവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കര്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!