കൽപകഞ്ചേരി : കടുങ്ങാത്ത് കുണ്ടിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണവുമാണ് പ്രതി കവർന്നത്. ആന്ധ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നല്ലചെരു എന്ന ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവുകേസുകളിൽ ഷാജഹാൻ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഷാജഹാൻ ആണെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ഒക്ടോബർ 10-ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അന്തർ സംസ്ഥാനബന്ധങ്ങളെ കുറിച്ച് സൂചന ലഭിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ നല്ല ചെരുവിൽ നിന്നും 28 കിലോമീറ്റർ മാറി മാവോയിസ്റ്റ് സാന്നിധ്യമുള്ള മലഞ്ചെരുവിലെ ആദിവാസി ഊരിലാണ് ഷാജഹാൻ ഒളിവിൽ കഴിഞ്ഞത്. ഇയാൾക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒളിസങ്കേതം ഉണ്ട്. മോഷണ മുതൽ ഉപയോഗിച്ച് രാജ്യമൊട്ടാകെ കറങ്ങി ആഡംബര ജീവിതം നയിച്ചുവരുന്നതാണ് മണവാളൻ ഷാജഹാന്റെ രീതി. കൈയിലെ പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തും. അതിന് ശേഷം അന്യസംസ്ഥാനങ്ങളിൽ പോയി ഒളിവിൽ കഴിയാറാണ് പതിവ്.