ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്.
പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. ബലാത്സംഗ കേസിൽ തീഹാർ ജയിലിലും രണ്ട് കൊല്ലം വിചാരണ തടവുകാരനായി മുഹമ്മദ് ഫസൽ കിടന്നിട്ടുണ്ട്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി വിവാഹ തട്ടിപ്പിനും സാന്പത്തിക തട്ടിപ്പിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.