പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹനവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്.

ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ബുധനാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്രങ് ദള്‍ നേതാക്കളായ മോനു മനേശ്വര്‍, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും.

ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഐജി പറഞ്ഞു. നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. അതേസമയം, ജുനൈദിനെതിരെ മുമ്പ് അഞ്ച് പശുക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. മൃതദേഹം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഗോപാല്‍ഗഢ് എസ്.എച്ച്.ഒ ആണ് കേസ് അന്വേഷിക്കുന്നത്.

error: Content is protected !!