Wednesday, August 20

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്.

രാത്രികാലങ്ങളില്‍ ആളില്ലാത്ത വീടുകളും കടകളും കുത്തി തുറന്ന് ഒരു പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതി. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ രാത്രികാലങ്ങളില്‍ നഗ്‌നനായി നടന്ന് ജനങ്ങളെ ഭീതിയിലാഴ്ത്തി വീടുകള്‍ കുത്തിത്തുറന്ന് മോഷണ പരമ്പര നടത്തി പിടിക്കപെട്ട് ഈ അടുത്തകാലത്താണ് ജയില്‍ നിന്നിറങ്ങിയത്.

മലപ്പുറം ഡി.വൈ.എസ്.പി അബ്ദുള്‍ ബഷീറിന്റെ നിര്‍ദേശാനുസരണം സംഭവം നടന്നയുടന്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ അശ്വത്, എസ്‌ഐ പ്രിയന്‍ എസ്‌കെ , പോലീസ് സേനാംഗങ്ങളായ രജീഷ്, ദിനേഷ് ഇരുപ്പക്കണ്ടന്‍, ഷഹേഷ് ആര്‍. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രുപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!