ഉത്സവ പറമ്പില്‍ ഗാനമേളക്കിടെ നൃത്തം ചെയ്തു, പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം: ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താണ് (23) മരിച്ചത്. വെല്‍ഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്. യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്തും കിണറ്റില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. നേമം മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം ആളുകള്‍ക്ക് ഇരിക്കാന്‍ വേണ്ടി സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണര്‍ പലകകള്‍ കൊണ്ട് അടച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിന് മുകളില്‍ ആണ് ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ളവര്‍ നിന്നിരുന്നത്. പാട്ട് കേട്ട് ഇതിന് മുകളില്‍ നിന്ന് നൃത്തം ചെയ്യവേ പലകകള്‍ തകര്‍ന്ന് ഇന്ദ്രജിത്ത് കിണറ്റില്‍ വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇത് കണ്ട സുഹൃത്ത് കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖില്‍ ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസ്സമുണ്ടാവുകയും കിണറ്റിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. പുറത്ത് എടുക്കുബോഴേക്കും ഇന്ദ്രജിത്ത് മരിച്ചിരുന്നു. അഖിലിനെ പരിക്കുകളോടെ നേമം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!