‘പുനര്‍ഗേഹം’ ഖര-ദ്രവ്യ സംസ്‌കരണ പ്ലാന്റ്; നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

Copy LinkWhatsAppFacebookTelegramMessengerShare

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രധാന ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 128 ഫ്‌ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നെങ്കിലും മലിനജലം കൃത്യമായി ഒഴുകി പോകാനും മാലിന്യം സംസ്‌കരിക്കാനും സൗകര്യമുണ്ടായിരുന്നില്ല. സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഫിഷറീസ് ഫ്‌ലാറ്റിലെ താമസക്കാരായ മല്‍സ്യതൊഴിലാളികളുടെ പ്രധാന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.

ഫ്‌ലാറ്റിലെ ടാങ്കുകളിലെ ഖര-ദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. എം.ബി.ബി.ആര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തുക. ഒരു ദിവസം ഒരു ലക്ഷം ലിറ്റര്‍ മലിന ജലം ഇതുവഴി ശുചീകരിക്കാനാവും. ശുദ്ധീകരിച്ച വെള്ളം ഗാര്‍ഡനുകളിലും ഫ്‌ലഷുകളിലും ഉപയോഗിക്കാം. ഇതോടൊപ്പം ഫ്‌ലാറ്റില്‍ ബയോഗ്യാസ് പ്ലാന്റും നിര്‍മ്മിക്കും. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതോടെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും പി.നന്ദകുമാര്‍
എം.എല്‍.എ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!