പൊന്നാനി : ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. ഏപ്രില്‍ 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
നിരവധി രോഗികള്‍ ആശ്രയിക്കുന്ന പൊന്നാനി ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നിലവില്‍ സ്ഥലപരിമിതിയുള്ള കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കുന്ന തരത്തിലാണ് ക്രമീകരണ പ്രവൃത്തികള്‍ നടത്തിയത്.
ആശുപത്രി ലാബ്, ഫാര്‍മസി, പ്രവേശന കവാടം എന്നിവ ക്രമീകരിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നവീകരണവും ക്രമീകരണ പ്രവര്‍ത്തനങ്ങളും നടത്തിയത്. കൂടാതെ ആശുപത്രിയോട് ചേര്‍ന്നുള്ള പി.ഡബ്ല്യു.ഡി സ്ഥലത്ത് പാര്‍ക്കിങ് സൗകര്യമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ സായാഹ്ന ഒ.പി ആരംഭിച്ചിരുന്നു. ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നതോടെ അധിക ഡോക്ടര്‍മാരെയും സ്റ്റാഫ് നഴ്സിനേയും നിയമിക്കും.