മോദിയുടെ വിഷു കൈനീട്ടം : വന്ദേഭാരത് കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലയാളികള്‍ക്കുള്ള വിഷുകൈനീട്ടമായ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രിയോടും കേന്ദ്ര റെയില്‍വെ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിന്‍ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വന്ദേഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവര്‍ പറയുന്നത്. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരതിന്റെ പതിമൂന്നാം നമ്പര്‍ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തില്‍ മോദി സര്‍ക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇതൊരു തുടക്കം മാത്രമാണ്.

രണ്ട് ലക്ഷം കോടി ചിലവഴിച്ച് കേരളത്തെ കടക്കെണിയിലാക്കി വലിയ തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വന്ദേഭാരതിനെതിരെ തിരിയാന്‍ കാരണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

error: Content is protected !!