താനൂര്‍ ബോട്ട് അപകടം ; പ്രതിയെ ഉടന്‍ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും, അന്വേഷണ സംഘം ഇന്ന് യോഗം ചേരും

മലപ്പുറം: താനൂരില്‍ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കുക. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേല്‍ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ സ്ഥലത്തേക്ക് എത്തിക്കുക.

അതേസമയം ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. അവര്‍ ജില്ല വിട്ട് പോയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

error: Content is protected !!