താനൂര്‍ ബോട്ടപകടം ; സ്വാഭാവിക ദുരന്തമല്ല, പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് കാരണം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടം സ്വാഭാവിക ദുരന്തമായിരുന്നില്ലെന്നും പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയും അങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായ ബോട്ട് സര്‍വ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എല്‍.എമാര്‍ നിരന്തരം ഉണര്‍ത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

22 പേരുടെ ജീവന്‍ നഷ്ടമായി. എന്ത് നല്‍കിയാലും അവരുടെ ജീവന് പകരമാവില്ല. മരണ ദിവസം പാലിക്കേണ്ട മര്യാദകളും ആദരവുകളും എല്ലാം പാലിച്ച് നാട്ടുകാരും സാമൂഹിക രാഷ്ട്രീയ നേതൃത്വവും എല്ലാം ചേര്‍ന്ന് അവര്‍ക്ക് വിട നല്‍കി. മുസ്ലിം ലീഗ് ഈ നാട്ടിലെ സംവിധാനത്തോടൊപ്പം ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളിലും അനുബന്ധ കാര്യങ്ങളിലും പങ്കുചേര്‍ന്നു. അവരുടെ വീട് നിര്‍മാണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ചെലവുകള്‍ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതൊരു സ്വാഭാവിക ദുരന്തമായിരുന്നില്ല. പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയും അങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചു. അവരുടെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ കൂടി വിചാരണയ്ക്ക് വിധേയമാക്കുമ്പോഴാണ് മരണപ്പെട്ടു പോയവര്‍ക്ക് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ പാലിച്ചു നല്‍കേണ്ട നീതിയുടെ അല്പമെങ്കിലും ആവൂ.

ഇപ്പോള്‍ വരുന്ന വാര്‍ത്തകളും നാട്ടുകാരുടെ വെളിപ്പെടുത്തലുകളും തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് കാണേണ്ടത്. എല്ലാ അര്‍ത്ഥത്തിലും നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തിയിരുന്ന ഈ ബോട്ടിനെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു. നാട്ടുകാര്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികളുടെ മുന്നില്‍ നിരന്തരം പരാതി നല്‍കിയിരുന്നു. ഇതൊക്കെ ആരാണ് അട്ടിമറിച്ചത്? അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയ ഈ ഫിഷിംഗ് ബോട്ടിന് അനുമതി നല്‍കാന്‍ മറൈന്‍ സി.ഇ.ഒ കണ്ട വഴി പതിനായിരം രൂപ പിഴയിട്ടു ക്രമപ്പെടുത്തുക എന്നതാണ്. ഒട്ടും രാഷ്ട്രീയ സ്വാധീനം കൂടാതെ ഇങ്ങനെയൊരു ചട്ടലംഘനം സാധ്യമാകുമെന്ന് കരുതുന്നില്ല.

സ്ഥലത്തെ മന്ത്രിക്കും ടൂറിസം മന്ത്രിക്കും പരാതി ലഭിച്ചു. ആരോ ഉപേക്ഷിച്ചിട്ട് പോയ കാലിക്കുപ്പിയുടെ പേരില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത ടൂറിസം മന്ത്രി പക്ഷേ നേരിട്ട് പരാതി ലഭിച്ചിട്ടും ഒന്നും ചെയ്തില്ല. ബോട്ടിന് ലൈസന്‍സില്ലാത്ത കാര്യം ശ്രദ്ധയില്‍ പെടുത്തിയ പരാതിക്കാരനോട് സ്ഥലത്തെ മന്ത്രി പറഞ്ഞത് ലൈസന്‍സില്ലെന്നത് നീയാണോ തീരുമാനിക്കുന്നത് എന്നാണ് എന്ന് പരാതിക്കാരന്‍ പറയുകയുണ്ടായി.

ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണം. ഇദ്ദേഹത്തിന് ഈ മന്ത്രിമാരുമായുള്ള ബന്ധത്തിന്റെയും ഉദ്യോഗസ്ഥരുമായി വിനിമയം നടത്തി നിയമവിരുദ്ധ കാര്യങ്ങള്‍ സാധിച്ചെടുത്തതിന്റെമൊക്കെ തെളിവുകളും ഇതിനോടകം പുറത്ത് വന്നു.

അനധികൃതമായ ബോട്ട് സര്‍വ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എല്‍.എമാര്‍ നിരന്തരം ഉണര്‍ത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്.

എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല.

താനൂര്‍ ബോട്ടപകടം തികഞ്ഞ ഉത്തരവാദിത്തരാഹിത്യത്തില്‍ നിന്ന് ഉണ്ടായതാണ്. അപകടത്തിന് കാരണക്കാരായ എല്ലാത്തരം കുറ്റവാളികളെയും കണ്ടെത്തണം. മരണപ്പെട്ടവര്‍ക്ക് നീതി സാധ്യമാവണം.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!