‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍


മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തുകള്‍ക്ക് തിങ്കളാഴ്ച (മെയ് 15) ജില്ലയില്‍ തുടക്കമാവും. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.
മെയ് 15 ന് രാവിലെ 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ ഏറനാട് താലൂക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി അദാലത്ത് നടക്കും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി മെയ് 16 ന് നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 18 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ വെച്ചും തിരൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 22 ന് വാഗണ്‍ ട്രാ‍ജഡി ടൗണ്‍ഹാളില്‍ വെച്ചും പൊന്നാനി താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 23 ന് പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചും തിരൂരങ്ങാടി താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 25 ന് തൃക്കുളം ഗവ. ഹൈസ്കൂളില്‍ വെച്ചും കൊണ്ടോട്ടി താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 26 ന് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വെച്ചുമാണ് അദാലത്തുകള്‍ നടക്കുക.
അദാലത്തിലേക്ക് നേരത്തെ പരാതി സമര്‍പ്പിച്ചവരും അദാലത്തില്‍ പങ്കെടുക്കുവാന്‍ അറിയിപ്പ് ലഭിച്ചവരുമായ മുഴുവന്‍ അപേക്ഷകര്‍ക്കും പങ്കെടുക്കാം. ധനസഹായം, പട്ടയം, ഭൂമി തരം മാറ്റം, ജോലി സംബന്ധമായ പരാതികള്‍ എന്നിവ അദാലത്തിന്റെ പരിഗണനാ വിഷയങ്ങള്‍ അല്ലാത്തതിനാല്‍ ഇത്തരം പരാതികള്‍ നല്‍കിയവരെ അദാലത്തിലേക്ക് വിളിച്ചിട്ടില്ലെന്നും ഇവര്‍ക്കുള്ള മറുപടികള്‍ നേരിട്ട് തപാലില്‍ നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിക്കാത്ത അപേക്ഷകര്‍ക്ക് അദാലത്തില്‍ നേരിട്ടെത്തി മറുപടി കൈപ്പറ്റാവുന്നതാണെന്നും
ജില്ലാ കളക്ടര്‍ അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും. മന്ത്രിമാരെ നേരിട്ട് കാണുന്നതിനുള്ള ടോക്കണ്‍ ബന്ധപ്പെട്ട കൗണ്ടറില്‍ നിന്നും ലഭിക്കും. അദാലത്തിലേക്ക് നിശ്ചിത സമയത്ത് പരാതി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കും അദാലത്ത് ദിവസം പുതിയ പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!