സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം
തിരൂരങ്ങാടി : കൊട്ടാരക്കര ആശുപത്രിയിൽ യുവ ഡോക്ടറെ അക്രമി കുത്തിക്കൊല്ലുമ്പോൾ പോലീസ് ഉൾപ്പെടെ മറ്റുള്ളവരെല്ലാം സ്വയ രക്ഷക്കായി ഓടിമാറിയപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടറെ രക്ഷപ്പെടുത്താൻ നോക്കിയ ഒരു ഡോക്ടർ ഉണ്ട്, ഷിബിൻ മുഹമ്മദ്. സാമൂഹിക മാധ്യമങ്ങളിൽ മുഴുവൻ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖർ ഉൾപ്പെടെ അഭിനനന്ദിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. തെന്നല സ്വദേശി ബിസിനസുകാരനായ കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.വി. ഇസ്മയിൽ ഹാജിയുടെയും കൊടിഞ്ഞി തിരുത്തി സ്വദേശി മാളിയാട്ട് ശംസാദ് ബീഗത്തിന്റെയും മകനാണ് ഈ ധീരൻ. അസീസിയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായ ഷിബിൻ കൊട്ടാരക്കര ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. ഇതിനിടയിലാണ് സംഭവം. പോലീസ്, സെക്യൂരിറ്റി ഉൾപ്പെടെ അഞ്ചോളം പുരുഷന്മാർ സംഭവ സമയത്ത് ഉണ്ടായിരുന്നു. അതിനിടയിലാണ് ഈ ക്രൂരകൃത്യം നടന്നത്. മറ്റുള്ളവരെല്ലാം ഭയന്ന് സ്വന്തം ജീവൻ കാത്തപ്പോൾ , സഹപ്രവർത്ത കയെ രക്ഷപ്പെടുത്താൻ ധീരമായി ഇടപെടുകയായിരുന്നു ഷിബിൻ. അക്രമിയിൽ നിന്നും സാഹസപ്പെട്ട് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാകാത്ത തിന്റെ സങ്കടത്തിലാണ് ഡോ.മുഹമ്മദ് ഷിബിൻ.
ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തുന്ന കാഴ്ചയുടെ ദൃക്സാക്ഷിയായിരുന്നു ഡോ. മുഹമ്മദ് ഷിബിൻ. ആ കാഴ്ചയുടെ നടുക്കം ഇപ്പോഴും അദ്ദേഹത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല. വന്ദനയെ കമഴ്ത്തി വീഴ്ത്തിയ ശേഷം സന്ദീപ് ശരീരത്തിൽ തുടരെ ആഞ്ഞു കുത്തുകയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാത്ത അവസ്ഥയിലാണ് ഇപ്പോഴും അദ്ദേഹം.
നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് പോലീസ് കൂട്ടിക്കൊണ്ടുവന്ന അക്രമി സന്ദീപിനെ ആദ്യം പരിശോധിച്ചത് ഡോ. മുഹമ്മദ് ഷിബിനാണ്. അപ്പോഴൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അല്പസമയത്തിനുശേഷമാണ് സന്ദീപ് പ്രകോപിതനായത്. ഈ സമയത്ത് പോലീസുകാർക്കൊപ്പം പുറത്തായിരുന്നു ഡോ. മുഹമ്മദ് ഷിബിൻ. സന്ദീപിൻ്റെ മുറിവുകൾ വൃത്തിയാക്കാൻ നഴ്സിങ് സ്റ്റാഫിനു നിർദേശം നൽകിയിട്ടാണ് ഇരുവരും ഒരുമിച്ച് മുറിക്കു പുറത്തേക്ക് ഇറങ്ങിയത്. അതിനു പിന്നാലെയായിരുന്നു ആക്രമണം നടന്നതെന്നും ഷിബിൻ പറയുന്നു
‘ഡോ. വന്ദനയുടെ നിലവിളികേട്ടാണ് ഞാൻ നിരീക്ഷണമുറിയിലേക്ക് ഓടിയെത്തുന്നത്. നിലത്തുകിടക്കുകയായിരുന്ന വന്ദനയെ അക്രമി തുരുതുരാ കുത്തുന്നതുകണ്ടു. ഒരുനിമിഷം സ്തബ്ധനായിപ്പോയി. പെട്ടെന്നുതന്നെ വന്ദനയുടെ കാലിൽപ്പിടിച്ചുവലിച്ച്, പ്രതിയിൽനിന്ന് അകറ്റാൻ നോക്കി. അക്രമി വിടാൻ കൂട്ടാക്കിയില്ല. നിലത്തിരിക്കുകയായിരുന്നു അയാൾ.
അയാളുടെ ഇടതു കൈപ്പത്തിയിൽ ഞാൻ ചവിട്ടി. ഈ സമയത്ത് പിടിവിട്ടു. വന്ദനയെ എടുത്തുമാറ്റിയപ്പോഴും സന്ദീപ് ഓടിവന്ന് പുറത്തുകുത്തി. ഒരുവിധത്തിലാണ് പുറത്തേക്കുകടന്നത്. ഈ സമയത്ത് ഡോ. വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു. ‘വയ്യാ… വയ്യാ…’ എന്ന് തുടരെത്തുടരെ പറഞ്ഞുകൊണ്ടിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ…’ ഡോ. മുഹമ്മദ് ഷിബിന്റെ വാക്കുകൾ മുറിഞ്ഞു.
നന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഘത്തിലും ഡോ. മുഹമ്മദ് ഷിബിൻ ഉണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലാണ് പോലീസിന് മൊഴിനൽകിയത്.
ആദ്യം ബഹളംകേട്ട് എത്തിയപ്പോൾ പോലീസിനെ ആക്രമിക്കുന്നതും കണ്ടിരുന്നു. പിന്നീടാണ് അവിടെനിന്ന് മാറിനിന്നത്. ഈ സമയത്ത് പോലീസുകാരുടെ കൈയിൽ ആയുധങ്ങളോ ലാത്തിയോ ഉണ്ടായിരുന്നില്ലെന്നും ഡോ. ഷിബിൻ പറഞ്ഞു.
അക്രമിയുടെ കുത്തേറ്റ് അവശനിലയിലായ ഡോ.വന്ദനയെ കോരിയെടുത്തു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കു പാഞ്ഞതും ഷിബിൻ്റെ നേതൃത്വത്തിയലായിരുന്നു. ആ ഓട്ടത്തിനിടയിലും വന്ദനയുടെ രക്ഷിക്കാൻ സാധിക്കുമെന്ന് ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയതോടെയാണ് വന്ദനയുടെ പരിക്ക് നിസാരമല്ലെന്ന് മനസ്സിലാക്കിയതെന്നും ഷിബിൻ വ്യക്തമാക്കുന്നു.
അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ കൂട്ടുകാരിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഷിബിൻ വിതുമ്പലോടെ വ്യക്തമാക്കുന്നു.