കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ ഇവിടെ നിന്നിരുന്ന മരവും ശുചിമുറിയും പൊളിച്ചുനീക്കി. തുടർന്ന് റോഡിൽ നിന്ന് സംക്ഷണഭിത്തി കെട്ടി വീടിന്റെ അപകടാവസ്ഥ മാറ്റാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്.സി വിഭാഗത്തിലുള്ള രണ്ട് വീടുകൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ഏതു സമയത്തും വീട് ഉൾപ്പെടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാളി മന്ത്രി പി എ മുഹമ്മദ് റിയാസിനരികിലെത്തിയത്. പരാതി കേട്ട മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിക്കുകയും കാളിയുടെ വീടിന് സുരക്ഷയൊരുക്കാൻ സംരക്ഷണ ഭിത്തിയുടെ നിർമാണം എത്രയും പെട്ടന്ന് തുടങ്ങാനും നിർദേശം നൽകി.