വീട്ടില്‍ കയറി അക്രമം: 18 കാരനും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അറസ്റ്റില്‍

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയെ മാരകമായി മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുംമുറി പനയിത്തിങ്ങല്‍ മീത്തല്‍ രൂപേഷ് (18 വയസ്സ്), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജൂണ്‍ 11-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനോടൊപ്പം വീട്ടില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്തിനെ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദ്ദിച്ച് കടന്നു കളയുകയായിരുന്നു. കണ്ണിനും മുഖത്തും പരിക്കുപറ്റിയ ശ്രീജിത്തിനെ ബീച്ച് ഹോസ്പ്പിറ്റലില്‍ കൊണ്ടുപോവുകയും ചികിത്സക്ക് ശേഷം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ചേവായൂര്‍ സബ്ബ് ഇന്‍സ്പക്ടര്‍ നിബിന്‍ കെ.ദിവാകരന്റെ നേതൃത്വത്തിന്‍ അന്വേഷണം നടത്തി വരികയായിരുന്നു.ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും രഹസ്യമായി നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.പിടികൂടിയവരില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആവാത്ത കുട്ടിയാണ്. ഇയാളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി നോട്ടീസ് കൊടുത്ത് വിട്ടയച്ചു.

രൂപേഷിനെ ചോദ്യം ചെയ്തതില്‍ നിന്നും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായ ഇവരുടെ സംഘത്തില്‍ മുമ്പ് വാഹനമോഷണം, ലഹരിമരുന്ന് കേസിലെ പ്രതികളും ഉള്ളതായും, വീട്ടില്‍ അതിക്രമിച്ച് കയറിയ ബാക്കി രണ്ടു പേരെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ് കൂടാതെ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ രഞ്ജിത്ത് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോടതിയിയില്‍ ഹാജരാക്കിയ രൂപേഷിനെ റിമാന്റ് ചെയ്തു.

error: Content is protected !!