കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ ആദായനികുതി വകുപ്പ് റെയ്ഡ് അവസാനിച്ചു. നടിയും അവതാരകയുമായ പേളി മാണി, അണ്‍ ബോക്‌സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോര്‍ ടെക്, അഖില്‍ എന്‍ ആര്‍ ബി, അര്‍ജു, ജയരാജ് ജി നാഥ്, കാസ്‌ട്രോ, റെയിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്.
കൂടാതെ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. പേളി മാണിയുടെ ആലുവ ചൊവ്വരയിലെ വീട്ടില്‍ രാവിലെ 11 നാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. നിരീക്ഷണത്തിലുള്ള യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമേ വന്‍തോതില്‍ അധികവരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ആദ്യഘട്ട പരിശോധനയെന്നാണ് ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വ്യക്തമാക്കിയത്.
നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുളള ഗാഡ്ജെറ്റുകള്‍ വിവിധ കമ്പനികള്‍ വിദേശത്ത് നിന്നടക്കം സമ്മാനമായി ലഭിക്കുന്നു. വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുന്നു. വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്നു. ഇവയില്‍ പലതും ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ മറ്റുപലരുടെയും സമ്മാനമോ ആണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ലക്ഷക്കണക്കിന് വ്യൂവേഴ്സുളള മറ്റു ചില യു ട്യൂബര്‍മാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍ഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. രാവിലെ എട്ടുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പരിശോധകള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തില്‍ ആദ്യമായാണ് യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തുന്നത്.