കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി: യു.ജി ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

യു.ജി. ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയും മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാന്റേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്നും പുറത്താകുന്നതുമാണ്. ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണക്കേണ്ടതില്ലെങ്കില്‍ 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദ് ചെയ്യണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷമേ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശനം നേടേണ്ടതുള്ളൂ.മറ്റ് വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പി.ആര്‍. 727/2023

കാമ്പസില്‍ ഡേ കെയര്‍ കേന്ദ്രം നിര്‍മാണം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പ്രത്യേകമായി ഡേകെയര്‍ സംവിധാനം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 2.3 കോടി രൂപ ചെലവില്‍ 8650 ചതുരശ്രഅടിയില്‍ ഒന്നാം നില നിര്‍മിക്കും. കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഭാവിയില്‍ പ്രായം ചെന്നവര്‍ക്കുള്ള പരിപാലനകേന്ദ്രവും ഒരുക്കും. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. എ.ബി. മൊയ്തീന്‍കുട്ടി, യൂണിവേഴ്സിറ്റി എന്‍ജിനീയര്‍ ജയന്‍ പാടശ്ശേരി, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. ശിവദാസന്‍, അസി. എന്‍ജിനീയര്‍ സി.എസ്. ആദര്‍ശ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, ടി.പി. ദാമോദരന്‍, പി.ടി.എ. പ്രസിഡണ്ട് കെ.പി. പ്രമോദ് കുമാര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ- സര്‍വകലാശാലാ കാമ്പസിലെ ഡേ കെയര്‍ കെട്ടിടത്തിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് തറക്കല്ലിടുന്നു. പി.ആര്‍. 728/2023

ലൈബ്രറി ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ സി. എച്ച്. എം. കെ. ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് റീജിയണല്‍ കമ്മിറ്റിയും സംയുക്തമായി റഫറന്‍സ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ ഉപയോഗത്തെക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പരിപാടി ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് മേധാവി ഡോക്ടര്‍ കെ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഡോക്ടര്‍ ടി. എ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എല്‍ എ കോഴിക്കോട് റീജിനല്‍ സെക്രട്ടറി എ. മോഹനന്‍ സ്വാഗതവും അസിസ്റ്റന്റ് ലൈബ്രേറിയന്‍ എം.എന്‍. സജ്‌ന നന്ദിയും പറഞ്ഞു. ലൈബ്രറി സയന്‍സ് വകുപ്പ് ലൈബ്രറിയന്‍ എം. പ്രശാന്ത് ക്ലാസുകള്‍ നയിച്ചു.

ഫോട്ടോ – സി.എച്ച്.എം.കെ. ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് റീജിയണല്‍ കമ്മിറ്റിയും സംയുക്തമായി റഫറന്‍സ് മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ഉപയോഗത്തെക്കുറിച്ച് സംഘടിപ്പിച്ച ഏകദിന ശില്പശാല പ്രൊഫ.കെ.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 729/2023

യുനെസ്‌കോ ചെയര്‍ ‘ജ്ഞാനദീപം’
ഉന്നത വിദ്യാഭ്യാസ പ്രോഗ്രാമിന് തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാലാ യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജന്‍സ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ‘ജ്ഞാന ദീപം’ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭാസ കര്‍മപരിപാടിക്ക് മാനന്തവാടിയില്‍ തുടക്കമായി. നല്ലൂര്‍നാട് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗോത്ര സമൂഹങ്ങളുടെ ഉന്നത വിദ്യാഭ്യാസം സമൂഹ പുരോഗതിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അംബേദ്കര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.ആര്‍. ആശ അധ്യക്ഷത വഹിച്ചു. യുനെസ്‌കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ.പുഷ്പലത സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ വാളാട്, ഹെഡ് മാസ്റ്റര്‍ എന്‍ സതീശന്‍, സീനിയര്‍ സൂപ്രണ്ട് ശ്രീകല എന്നിവര്‍ ആശംസ ഭാഷണം നടത്തി. യുനെസ്‌കോ ചെയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. സിറാജുദ്ദീന്‍ നന്ദി പറഞ്ഞു. ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും മറ്റും പ്രവേശനം നേടുന്നതിന് ആവശ്യമായ പരിശീലനമാണ് പദ്ധതിയുടെ ലക്ഷ്യം. സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലുള്ള വിദഗ്ദര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്റിജന്‍സ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ‘ജ്ഞാന ദീപം’ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 730/2023

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യമ്പ്

മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 3 മുതല്‍ 7 വരെ നടക്കുന്നു. സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 731/2023

പൊളിറ്റിക്കല്‍ സയന്‍സ് വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 5-ന് പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 732/2023

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം. പി.ആര്‍. 733/2023

ബി.വോക്. പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 6 വരെ നടക്കും. പി.ആര്‍. 734/2023

error: Content is protected !!